ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രവും പാരിസ്ഥിതികവുമായ സവിശേഷതകള്‍
അതിരുകള്‍
വടക്ക് - പഴയങ്ങാടിപുഴ
പടിഞ്ഞാറ് - മാട്ടൂല്‍ പുഴ
തെക്ക് - കണ്ണപുരം ഗ്രാമ പഞ്ചായത്ത്
കിഴക്ക് - കണ്ണപുരം ഗ്രാമ പഞ്ചായത്ത്, കുറ്റിക്കോല്‍പുഴ, പട്ടുവം പുഴ
ഭൂപ്രകൃതി അനുസരിച്ച് ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ 4 മേഖലകളായി തിരിക്കാം
1. ഉയര്‍ന്ന സമതലം
2.ചെരിവ് പ്രദേശങ്ങള്‍
3.തീരസമതലം
4.ചതുപ്പ് പ്രദേശങ്ങള്‍
1 ഉയര്‍ന്ന സമതലം:
സമുദ്രനിരപ്പില്‍ നിന്നും 25 മീ മുതല്‍ 30 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 9 കുന്നുകളാണ് നമ്മുടെ പഞ്ചായത്തിലുള്ളത്. കവിണിശ്ശേരി കുന്ന്, പാടിയില്‍കുന്ന്, കവിണിശ്ശേരി ലക്ഷം വീട് കുന്ന്, ചിടങ്ങില്‍കുന്ന്, ഒതയമ്മാടംകുന്ന്, കിഴക്കെകുന്ന്, കുന്നിന്‍മതിലകം എന്നിവയാണ് അവ. കവിണിശ്ശേരി കുന്നില്‍ ശുദ്ധജലം ലഭ്യമാണ്.കുന്നുകളുടെ മുകള്‍ഭാഗത്ത് ചരല്‍ നിറഞ്ഞ ചെമ്മണ്ണാണ്. ഇടക്കിടെ കടുപ്പമുള്ളതും വലുപ്പം കുറഞ്ഞതുമായ ചെങ്കല്‍ പാറകളുണ്ട്. കവിണിശ്ശേരി കുന്നില്‍ ഏകദേശം 1 മീ മുതല്‍ 3 മീറ്റര്‍ വരെ താഴ്ചയില്‍ ചേടിമണ്ണ് മാത്രമാണുള്ളത്. കുന്നിന്‍ മുകളിലുള്ള പരന്ന പ്രദേശങ്ങളില്‍ മഴക്കാലത്ത് പുല്ല് വളരുന്നുണ്ടെങ്കിലും അത് ഫലപ്രദമായി വിനിയോഗിക്കാതെ പാഴായിപോവുകയാണ്.
2. ചെരിവുകള്‍
കുന്നുകളോട് ചേര്‍ന്നു കിടക്കുന്ന ചെറുതും വലുതുമായ ചെരിവുകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഉയരം കുറഞ്ഞ ഈ കുന്നുകളില്‍ ചരള്‍ നിറഞ്ഞ ചെമ്മണ്ണാണ് ഉള്ളത്. 1 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ താഴ്ചയില്‍ കണ്ടുവരുന്ന ചേടിമണ്ണ് നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും കവിണിശ്ശരി കുന്നിന്‍ ചെരിവ്. വീട് നിര്‍മ്മാണത്തിനായി ചെരിവുകള്‍ നിരപ്പാക്കുന്നതാണ് പ്രശ്നങ്ങള്‍ക്കാധാരം. ചെരിവുകള്‍ ഇത്തരത്തില്‍ വിവേചനപരമായി നിരപ്പാക്കുന്നത് മണ്ണിടിച്ചലിന് കാരണമാകുന്നു. ചെരിവുകളില്‍ കശുമാവ്, തെങ്ങ് തുടങ്ങിയ കൃഷികള്‍ ചെയ്തുവരുന്നു. എന്നാല്‍ വളരെ കുറച്ച് ഭൂമി മാത്രമെ ഇതിനായി ഉപയോഗപ്പെടുത്തുന്നുള്ളൂ.
3. തീരസമതലം
സമുദ്ര നിരപ്പില്‍ നിന്ന് 2 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശമാണിത്. ഇടക്കിടെ ഒരു മീറ്ററോളം ഉയരത്തിലുള്ള കൊച്ചു മണല്‍ത്തിട്ടുകള്‍ (കൊവ്വലുകള്‍) ഉണ്ട്. ഷൊര്‍ണ്ണൂര്‍ - മംഗലാപുരം റെയില്‍പാത ഈ പ്രദേശത്തെ രണ്ടായി തിരിച്ചിരിക്കുന്നു. ഇവിടെ ലഭിക്കുന്ന മഴവെള്ളം വടക്കു-പടിഞ്ഞാറ് ചെരിവിന്നനുസൃതമായി അവിടെയുള്ള തോടുകളിലും പിന്നീട് അവ മൂന്നു ഭാഗവും ചുറ്റപ്പെട്ടു കിടക്കുന്ന പുഴകളിലും എത്തിച്ചേരുന്നു. ചെളി നിറഞ്ഞ മണല്‍ മണ്ണാണ് മിക്കവാറും എല്ലാ സമതല പ്രദേശങ്ങളിലും കണ്ടുവരുന്നത്. നെല്ല്, തെങ്ങ് എന്നിവയാണ് ഇവിടത്തെ പ്രധാന വിളകള്‍. ചില പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് പച്ചക്കറികൃഷി ചെയ്യുന്നു. 2 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ ആഴത്തില്‍ കുഴിച്ചാല്‍ ശുദ്ധജല സ്രോതസ്സ് ഓരുജലം കലര്‍ന്ന് മലിനമാകുന്നു. അതുകൊണ്ടുതന്നെ ജലവിധാനം താഴുമ്പോള്‍ കുടിക്കാന്‍ പറ്റാത്തവിധം ജലം മലിനമാകുന്നു. വേനല്‍ക്കാലത്ത് ഉപ്പുവെള്ളം കയറി പാടങ്ങളില്‍ നഞ്ചുകയറുന്നതും പ്രധാനപ്പെട്ട ഭീഷണിയാണ്. മൂന്നുഭാഗങ്ങളിലുമുള്ള പുഴകള്‍ ഉപ്പുവെള്ളം കലര്‍ന്നതാകുമ്പോള്‍ കൈത്തോടുകള്‍ വഴി ഉപ്പുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറുന്നു. ഉപ്പ് വെള്ള പ്രതിരോധത്തിനായി സമഗ്ര പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.
4. ചതുപ്പുനിലം
പുഴകളോടടത്തു കിടക്കുന്നതും അവയുടെ കൈത്തോടുകളും ചേര്‍ന്നു കിടക്കുന്നതുമായ പ്രദേശങ്ങളാണ് ചതുപ്പുനിലങ്ങള്‍. ഇവിടങ്ങളില്‍ വേലിയേറ്റവും വേലിയറിക്കവും സ്ഥിരമായി അനുഭവപ്പെടുന്നു. ഇവിടെ കണ്ടല്‍ കാടുകള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. നെല്‍കൃഷിയും തെങ്ങ്കൃഷിയും കുറഞ്ഞതോതില്‍ ചെയ്തുവരുന്നു. കൂടാതെ ചെമ്മീന്‍കൃഷിയുമുണ്ട്. ശാസ്ത്രീയ രീതികളുടെ അഭാവത്തില്‍ ചെമ്മീന്‍കൃഷിയുടെ ഉല്‍പ്പാദനക്ഷമത വളരെ കുറവാണ്.
ഓരുവെള്ളം കെട്ടിനിര്‍ത്തി അശാസ്ത്രീയമായ ചെമ്മീന്‍ കൃഷി ചെയ്യുന്നതിനാല്‍ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാകാറുണ്ട്.