ബഡ്ജറ്റ് 2026-27
ചെറുകുന്ന് പഞ്ചായത്തിൽ 2025 ഡിസംബറിൽ അധികാരമേറ്റ ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഞാൻ ഇവിടെ അവതരിപ്പിക്കുന്നത് . ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ കരുത്താർജിച്ച ത്രിതല പഞ്ചായത്ത് സംവിധാനം ഇന്ന് ഉയർച്ചയുടെ പാതയിലാണ് അതുകൊണ്ടു അടിസ്ഥാന സൌകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കുന്ന ബജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചിട്ടുള്ളത് . അതിനോട് ചേർന്നു നിന്നു കൊണ്ട് നമ്മുടെ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ട്.
കേരളത്തിലെ ഭൂവിസ്തൃതി കുറഞ്ഞതും മൂന്ന്ഭാഗവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ടതുമായ പഞ്ചായത്താണ് നമ്മുടേത് . തനതു വരുമാനം വളരെ കുറവുള്ള പഞ്ചായത്ത് എന്ന നിലയിൽ സർക്കാർ അനുവദിച്ച് തരുന്ന ഗ്രാന്റും മറ്റ് സഹായങ്ങളും ഉപയോഗിച്ചാണ് നാം മുന്നോട്ട് പോകുന്നത് . തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഭരണസമിതിയും ജീവനക്കാരും. ചുമത്തിയ നികുതികൾ 100% പിരിച്ചെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
തീരദേശ പഞ്ചായത്ത് എന്ന നിലയിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കരയിലേക്ക് അനിയന്ത്രിതമായി ഉപ്പുവെള്ളം കയറുന്നത് ഭൂപ്രകൃതിയേയും കൃഷിയെയും ഗൌരവമായി ബാധിച്ചിട്ടുണ്ട് . പുഴയോരം കെട്ടി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹായത്തോടെ വലിയൊരളവിൽ നിർവഹിക്കാൻ ആയിട്ടുണ്ട് . അവശേഷിക്കുന്ന പ്രദേശങ്ങളും കെട്ടി സംരക്ഷിക്കാനാവണം. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ ഉപ്പുവെള്ള പ്രതിരോധ പ്രവർത്തനത്തിന് 1 കോടി 50 ലക്ഷം രൂപ അനുവദിച്ചത് നമുക്ക് ഈ പ്രവർത്തനത്തിന് കരുത്ത് പകരാൻ ഏറെ സഹായകരമാകുന്നു.
കാർഷിക മേഖലയിൽ നിന്നും മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകൾ പിന്തിരിഞ്ഞുകൊണ്ടിരിക്കുന്നത് കൈപ്പാട് കൃഷിക്കെല്ലാം നല്ല സാധ്യതയുള്ള നമ്മുടെ പ്രദേശത്തിന് ഏറെ ആശാവഹമായ കര്യമാണ്. കാർഷിക വ്യവസായ മേഖലകളെ ചേർത്തുപിടിച്ചുകൊണ്ടു മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ എന്ന കാഴ്ചപ്പാടാണ് ഭരണസമിതിക്കുള്ളത്. അതിനാവശ്യമായ സമഗ്ര പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാർഷിക മേഖലയ്ക്ക് 34 ലക്ഷം രൂപ വരുന്ന പദ്ധതികളും പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 16 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ലോകത്തിൽ ചൈന കഴിഞ്ഞാൽ അതിദരിദ്രരില്ലാത്ത ഏക പ്രദേശമായി നമ്മുടെ കൊച്ചു കേരളം മാറിയ അഭിമാനകരമായ നിമിഷത്തിലാണ് 2026-27 വർഷത്തെ ഈ ബജറ്റ് ഇവിടെ അവതരിപ്പിക്കുന്നത്. നമ്മുടെ പഞ്ചായത്തിൽ കണ്ടെത്തിയ 45 അതിദരിദ്ര കുടുംബങ്ങളെ മുക്തരാക്കുന്നതിന് വേണ്ടി പ്രയത്നിച്ച ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരെയും ഈ അവസരത്തിൽ പ്രത്യേകം ഓർക്കുന്നു.
ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ മികച്ച നിലയിലുള്ള പ്രവർത്തനങ്ങളാണ് നാം നടത്തി വരുന്നത്. ജൈവമാലിന്യ സംസ്കരണ രംഗത്ത് 100% സംസ്കരണോപാധികൾ വിതരണം ചെയ്യുന്നതിനും യൂസർ ഫീ 100% ലക്ഷ്യത്തിലെത്താനും സാധിച്ചിട്ടുണ്ട്. ശുചിത്വം, മാലിന്യ പരിപാലനം , അണുബാധ നിയന്ത്രണം എന്നീ ഘടകങ്ങൾ വിലയിരുത്തി സംസ്ഥാന സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച പ്രഥമ കായകല്പ അവാർഡിന് താവം ആയുർവ്വേദ ആശുപത്രിക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് അഭിമാനകരമായ നേട്ടമാണ്. ആരോഗ്യ സ്ഥാപനങ്ങളിൽ മരുന്ന് വാങ്ങുന്നതിന് ബജറ്റിൽ 23 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കാലവർഷക്കെടുതിയിൽ തകർന്ന ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് ബജറ്റിൽ 10 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.