ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സാമൂഹിക സാമ്പത്തിക സര്വ്വേ 2021-22
https://cdn.s3waas.gov.in/s3060ad92489947d410d897474079c1477/uploads/2022/03/2022031983.pdf
പതിനാലാം പഞ്ചവത്സര പദ്ധതി പ്രായോഗികമായി നടപ്പില് വരുത്തുന്നതിന് പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങള് അനിവാര്യമാണെന്നിരിക്കെ അത് കൂടുതല് കൃത്യവും കാലികവുമായിരിക്കാണമെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില് ഹരിതകേരള മിഷന്, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ചെറുകുന്ന് ഗ്രാമപഞ്ചായത്തില് സാമൂഹ്യ സാമ്പത്തിക സര്വ്വെ നടത്തുന്നതിന് തീരുമാനിച്ചു. വികസന പ്രവര്ത്തനത്തിന്റെ സാധ്യതകള് മനസിലാക്കുന്നതിനും പുത്തന് പദ്ധതികള് ആവിഷ്ക്കരിക്കുന്നതിനും ഈ സര്വ്വെ ഏറെ സഹായകരമായി. സര്വ്വെയുടെ ഭാഗമായി 206 വിഷയ മേഖലകളിലാണ് സമഗ്രമായ വിവരശേഖരണം പഞ്ചായത്തിന്റെ വരുംകാല പദ്ധതികള് മെച്ചപ്പെട്ടരീതിയില് ആസൂത്രണം ചെയ്യുന്നതിനും വികസനത്തിലെ വിടവുകള് നികത്തുന്നതിനും ഏറെ സഹായകരമായിട്ടുണ്ട്. ഇത്തരത്തില് വികസനപ്രവര്ത്തനങ്ങള്ക്ക് ആക്കം കൂട്ടുന്നതിന് വേണ്ടി സംസ്ഥാനതലത്തില് തന്നെ വിവരശേഖരണം പൂര്ത്തിയാക്കിയ ആദ്യത്തെ പഞ്ചായത്താണ് ചെറുകുന്ന്.
ഒരു വാര്ഡില് 2 പേരടങ്ങുന്ന 3 ടീമുകളായി ആകെ 13 വാര്ഡുകളില് 78 പേരടങ്ങുന്ന കുടുംബശ്രീ അംഗങ്ങളാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്. ഓരോ ദിവസവും ശേഖരിക്കുന്ന വിവരങ്ങള് അന്ന് തന്നെ ക്രോഡീകരിക്കുന്നതിന് ഹരിതകേരള മിഷന്, കുടുംബശ്രീ, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ 2021 നവംബര് 2 ന് ആരംഭിച്ച വിവരശേഖരണം നവംബര് 30 ന് തന്നെ സമയബന്ധിതമായും കൃത്യമായും പൂര്ത്തീകരിക്കാന് കുടുംബശ്രീ വനിതകള്ക്ക് കഴിഞ്ഞു എന്നുള്ളത് കുടുംബശ്രീ പ്രവര്ത്തനങ്ങള്ക്ക് ഒരു മുതല്കൂട്ടാണ്. തുടര്ന്ന് 17 അംഗങ്ങള് അടങ്ങുന്ന വനിതകളുടെ ഗ്രൂപ്പുകളാണ് സര്വ്വെ ഡാറ്റാഎന്ട്രി ചെയ്തത്. ഡിസംബര് മാസം തന്നെ ഡാറ്റാഎന്ട്രിപൂര്ത്തിയാക്കാന് ടീമംഗങ്ങള്ക്ക്സാധിച്ചിരുന്നു. തുടര്ന്ന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ടാബുലേഷന് പ്രവൃത്തികളും എല്ലാം കഴിഞ്ഞ് കണ്ണൂര് കോ ഓപ്പറേറ്റിവ് പ്രസ്സില് നിന്ന് പ്രസ്സിംഗ് പ്രവൃത്തികളും പൂര്ത്തിയാക്കി 2022 മാര്ച്ച് 22 –ആം തീയ്യതി ബഹുമാനപ്പെട്ട കല്ല്യാശ്ശേരി നിയോജകമണ്ഡലം എം എല് എ ശ്രീ. വിജിന് സര്വ്വെ റിപ്പോര്ട്ട് പ്രകാശനം ചെയ്തതോടുകൂടി ചെറുകുന്ന് ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച 206 വിഷയമേഖലകളിലുള്ള വിവരങ്ങള് ചെറുകുന്നിന്റെ സ്വന്തമായി. സംസ്ഥാനത്ത് തന്നെ ഇത്രയും സമയബന്ധിതമായും വിജയകരമായും വിവരശേഖരണം പൂര്ത്തീകരിച്ച ആദ്യത്തെ പഞ്ചായത്താണ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത്. പ്രസ്തുത പദ്ധതിക്ക് 325963/- രൂപയാണ് ചെലവായിട്ടുള്ളത്. സര്വ്വെ റിപ്പോര്ട്ട് പ്രകാരം കണ്ടെത്തിയ വിടവുകള് നികത്തുന്നതിനാവശ്യമായ പദ്ധതികള് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനു പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നുണ്ട്. നമ്മുടെ സര്വ്വെ പ്രവര്ത്തനങ്ങള് പിന്തുടര്ന്ന് ജില്ലാപഞ്ചായത്ത് ‘വിവരസഞ്ചയിക’ എന്ന പേരില് 2022-23 വര്ഷത്തില് എല്ലാ ഗ്രാമപഞ്ചായത്തിലും പദ്ധതി വയ്ക്കുന്നതിനു തുക വകയിരുത്താന് നിര്ദ്ദേശിച്ചത് നമ്മുടെ സര്വ്വെയുടെ അംഗീകാരമായി നമ്മള് കണക്കാക്കുന്നു.